കണിച്ചാർ : കുറച്ചു ദൂരം റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് ആസ്തിയിൽ ചേർത്താൽ പഞ്ചായത്തിന് നഷ്ടമാണെന്ന വിചിത്ര സ്പഷ്ടീകരണവുമായി കണിച്ചാർ പഞ്ചായത്ത് സെക്രട്ടറിയും കൂട്ടരും. ആറ്റാംചേരിയിലെ ലക്ഷം വീട് കോളനി ഭൂമിയിൽ പഞ്ചായത്ത് പ്രസിഡൻ്റിന് മാലിന്യ സംസ്കരണ കേന്ദ്രം ഉണ്ടാക്കണമെന്ന നിർബന്ധം നിലനിൽക്കുമ്പോൾ ആണ് കോളനിക്ക് പിന്നിലെ റോഡ് ഏറ്റെടുക്കാതിരിക്കാൻ വിചിത്ര സ്പഷ്ടീകരണമിറക്കി സെക്രട്ടറി വക കൈ സഹായം നൽകിയിട്ടുള്ളത്. വലയുകയാണ് നാട്ടുകാരും കോളനിവാസികളും. കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരി ലക്ഷം വീട് കോളനിക്ക് പിന്നിലുള്ള വീട്ടുകാർ ഉപയോഗിക്കുന്ന റോഡുമായി കോളനിയിലുള്ള റോഡ് ബന്ധിപ്പിക്കാനും പുതിയതായി ചേർത്ത റോഡ് പഞ്ചായത്തിൻ്റെ ആസ്‌തിയിൽ ചേർക്കാനും ആണ് നാട്ടുകാരും പഞ്ചായത്തംഗവും ആവശ്യപ്പെട്ടത്. അത് സാധ്യമല്ല എന്നാണ് കണിച്ചാർ പഞ്ചായത്ത് സെക്രട്ടറി സ്പഷ്ടീകരിച്ചത്. കോളനിക്ക് പുറത്തുള്ള റോഡ് ഏറ്റെടുത്താൽ പഞ്ചായത്തിൻ്റെ ആസ്‌തിയിൽ നഷ്‌ടം വരും എന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുള്ളത്. സംഭവത്തിൽ പ്രതിഷേധവുമായി പഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും രംഗത്ത് വന്നപ്പോൾ ആണ് പകരം മാലിന്യ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം തുടങ്ങിയിട്ടുള്ളത്. . കോളനിയുടെ പിന്നിലുള്ള റോഡ് ആസ്‌തിയിലേക്ക് ചേർക്കാതിരിക്കാനും കോളനി വാസികളായ മൂന്ന് പേർക്ക് അനുവാദ പത്രിക നൽകാതിരിക്കാനും കണിച്ചാർ പഞ്ചായത്ത് തടസ്സം നിന്നതോടെ പഞ്ചായത്ത് ഭരണസമിതി യോഗത്തിലും തർക്കം രൂക്ഷമായി. ആറ്റാംചേരി ലക്ഷം വീട് കോളനിക്ക് പിന്നിലായി താമസിക്കുന്ന ഭിന്നശേഷിക്കാരും കിടപ്പു രോഗികളും ആയവരുടെ വീടുകളിലേക്കുള്ള വഴി പഞ്ചായത്ത് ഏറ്റെടുക്കണമെന്നും റോഡ് പഞ്ചായത്തിന്റെ ആസ്തിയിലേക്ക് ചേർക്കണം എന്നുമാണ് പഞ്ചായത്തംഗം സുനി ജസ്റ്റിൻ ആവശ്യപ്പെട്ടത്. എന്നാൽ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഈ ആവശ്യം അംഗീകരിക്കുന്നില്ല എന്നാണ് ആരോപണം. റോഡ് കോളനിയുടെ ഭൂമിക്ക് പുറത്തുള്ള റോഡുമായി ബന്ധിപ്പിക്കുന്നത് തടയാൻ കോളനി ഭൂമിയിൽ മാലിന്യം സംഭരണ സംസ്‌കരണ കേന്ദ്രം നിർമിക്കാനുള്ള നീക്കവും പഞ്ചായത്ത് ശക്തമാക്കിയെന്നും ആരോപണമുണ്ട്. രണ്ട് പതിറ്റാണ്ടിൽ
അധികമായി കോളനിയിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾക്ക് ഇതുവരെ അനുവാദ പത്രിക നൽകിയിട്ടില്ല എന്ന പരാതിയും നിലനിന്നിരുന്നു. അനുവാദ പത്രിക നൽകാത്തതിനെ തുടർന്ന് അവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അനുവാദ പത്രിക നൽകാൻ നടപടി സ്വീകരിക്കണമെന്ന് കണിച്ചാർ വില്ലേജ് ഓഫിസിന് മുഖ്യന്ത്രിയുടെ ഓഫിസിൽ നിന്ന് നിർദേശം നൽകുകയും ചെയ്തു. തുടർന്ന് സ്‌ഥലത്ത് അളവും നടത്തിയിരുന്നു. ഇതിൻ്റെ തുടർ നടപടികളുടെ ഭാഗമായി പഞ്ചായത്തിനെ ബന്ധപ്പെട്ടപ്പോൾ ആണ് കോളനിക്ക് പിന്നിലെ റോഡ് ഏറ്റെടുക്കില്ല എന്നും മാലിന്യ സംസ്കരണ കേന്ദ്രം സ്‌ഥാപിക്കുമെന്നും പഞ്ചായത്ത് നിലപാട് സ്വീകരിച്ചതെന്ന് പഞ്ചായത്തംഗം സുനി ജസ്‌റ്റിൻ ആരോപിക്കുന്നു. മാലിന്യ സംസ്കരണ കേന്ദ്രം ലക്ഷം വീട് കോളനിയിൽ സ്‌ഥാപിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. പഞ്ചായത്തിന് മറ്റ് പലയിടങ്ങളിലും മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാൻ സൗകര്യപ്രദമായ ഭൂമി ഉണ്ടായിരിക്കെയാണ് കോളനിവ കഭൂമിയിൽ തന്നെ കേന്ദ്രം സ്ഥാപിക്കണമെന്ന നിർബന്ധബുദ്ധിയെടുക്കുന്നതെന്നാണ് ആരോപണം. ഇതിനിടയിലാണ് റോഡ് ഏറ്റെടുത്താൽ പഞ്ചായത്തിന്റെ ആസ്‌തിയിൽ നഷ്‌ടം സംഭവിക്കും എന്ന് സ്‌പഷ്‌ടീകരണം നടത്തിക്കൊണ്ട് പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നൽകിയത്. പഞ്ചായത്തിനെതിരെ പ്രത്യക്ഷ സമരത്തിന് തയാറെടുക്കകുയാണ് പ്രദേശവാസികൾ. പഞ്ചായത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപകമായി ആരോപണങ്ങളാണ് ഉള്ളതെന്നും പൊതുമരാമത്ത് പ്രവൃത്തികൾ സുതാര്യമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് അംഗങ്ങൾ ആരോപണം ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ 5 വർഷം പഞ്ചായത്ത് നടത്തിയ മരാമത്ത് പ്രവൃത്തികളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
The Panchayat President and Secretary came with an explanation. The locals were confused